വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തിലെ തേവർകാട്ടിൽ തെരുവുനായ്ക്കൾ ആടിനെ കൊന്നൊടുക്കി. കഴിഞ്ഞ ദിവസമാണ് തേവർക്കാട് സ്വദേശി ചുള്ളിക്കാട്ട് വീട്ടിൽ വിപിൻ ജോണിന്റെ രണ്ട് ആടുകളെ കൊന്നൊടുക്കിയത്.
വീടിന് സമീപമുളള കൂട്ടിൽനിന്നും ആടുകളുടെ കുടലുകൾ പുറത്ത് വന്ന നിലയിലാണ് കണ്ടെത്തിയത്.
ഇതിനുമുൻപ് തേവർകാട് പാലച്ചുവട് ഭാഗത്ത് നിരവധി കോഴികളെയും താറാവുകളെയും നായ്ക്കൾ വകവരുത്തിയിരുന്നു. കൂടുകൾ പൊളിച്ചാണ് ഇരുപത്തോളം കോഴികളെ കൊന്നത്. കഴിഞ്ഞ രണ്ടാഴ്ച മുൻപ് തുണ്ടത്തുംകടവിൽ ഏഴു പേരെ തെരുവുനായ്കടിച്ചിരുന്നു. ഇതിൽ മൂന്നു വിദ്യർഥിനികളും ഉൾപ്പെടുന്നു.
പിന്നീട് നാട്ടുകാർ കടിച്ച നായയെ അന്വേഷിച്ചു ചെന്നപ്പോൾ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നായയെ മണ്ണൂത്തിയിൽ കൊണ്ടുപോയി പരിശോധന നടത്തിയപ്പോൾ പേവിഷബാധയുള്ളതായി സ്ഥീരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിലായിരുന്നു. ചത്ത നായ് നിരവധി വളർത്തുനായകളെ കടിച്ചിരുന്നു.